Wednesday, December 6, 2006

പാഷാണത്തിന്റെ നിരുത്തും തമ്മിപ്പൊല്ലും

പ്രീ ഡിഗ്രി രണ്ടാം വര്‍ഷം അവസാനം കോളേജ്‌ ഡേയ്ക്ക്‌ ഞങ്ങള്‍ ഒരു നാടകം അവതരിപ്പിക്കുക എന്ന അതിധീരവും അതീവസാഹസികവുമായ ഒരു മുടിവെടുത്തു. ബിജുകുമാറായിരുന്നു നാടക രചന. അഭിനേതാക്കളായി ഞാനും ജോസും മന്‍സൂറും, സന്തോഷും അസീമും പിന്നെ നമ്മുടെ ഈ കഥയിലെ നായകനും.
നായകനു പേര്‍ റെജി. ഞങ്ങള്‍ വാല്‍സല്യപൂര്‍വം 'പാഷാണം' എന്നു വിളിക്കും.
നാടകത്തില്‍ ഒരു പ്രധാന വേഷം ചെയ്യാമോ എന്ന് ചോദിച്ചപ്പോള്‍ത്തന്നെ ടിയാന്‍ ഞെട്ടിവിറച്ചു. ഓടിയൊളിക്കാന്‍ ശ്രമിച്ചു. പിന്നെ നാടകത്തിലഭിനയിച്ചാല്‍ കിട്ടുന്ന പ്രശസ്തിയും അതിലൂടെയുണ്ടാകുന്ന ആരാധികമാരുടെ ആധിക്യത്തെപ്പറ്റിയും ഞങ്ങള്‍ വിവരിച്ചപ്പോള്‍ അഴകൊഴമ്പന്‍ ആശാന്‍ കോരിത്തരിച്ചുപോയി. പിന്നെ അദ്ദേഹത്തിന്‌ അപ്പോള്‍ത്തന്നെ തട്ടേല്‍ കേറണമെന്നായി. ഒരുതരത്തിലാണ്‌ ഞങ്ങളവനെ സമാധാനിപ്പിച്ചു നിര്‍ത്തിയത്‌.
സാധാരണയായി ഒരു പീര്യേഡ്‌ കഴിഞ്ഞായിരിക്കും അവന്‍ ക്ലാസ്സില്‍ വരാറുള്ളത്‌. നാടക റിഹേഴ്സല്‍ തുടങ്ങിയതില്‍പ്പിന്നെ അവന്‍ രാവിലെ എട്ടുമണിക്കുതന്നെ ഹാജര്‍.
അങ്ങനെ, ഇംഗ്ലീഷുപഠിപ്പിക്കുന്ന ജോയിസാറിന്റെ സഹായത്തോടെ ഞങ്ങള്‍ റിഹേഴ്സല്‍ മഹാമഹം ആരംഭിച്ചു.
ആദ്യമൊക്കെ വലിയ കുഴപ്പമില്ലാതെ പോയി. നമ്മുടെ പാഷാണം, നാടകം തുടങ്ങി 15 മിനിറ്റിനു ശേഷമാണ്‌ രംഗത്തുവരുന്നത്‌ - ഒരു ലഹളയുടെ നടുവില്‍.
പുള്ളിയുടെ ആദ്യ ഡയലോഗ്‌ "നിര്‍ത്ത്‌, നിര്‍ത്ത്‌.. നിങ്ങളെന്തിനാണ്‌ ഇങ്ങനെ തമ്മില്‍ത്തല്ലി മരിക്കുന്നത്‌" എന്നാണ്‌. പാഷാണം എത്ര പറഞ്ഞിട്ടും ഇതങ്ങോട്ട്‌ ശരിയാകുന്നില്ല. "നിരുത്ത്‌, നിരുത്ത്‌, നിങ്ങളെന്തിനാണ്‌ ഇങ്ങനെ തമ്മിപ്പൊല്ലി മരിക്കുന്നത്‌" എന്നാണ്‌ പുറത്തേയ്ക്കുവരുന്നത്‌.
അവന്റെ പറച്ചിലു കഴിഞ്ഞിട്ടുവേണം എനിക്കെന്റെ ഡയകോല്‌ കാച്ചാന്‍. ഈ ദുഷ്ടന്‍ കാരണം ഒരു സീന്‍ തന്നെ പത്തു-പതിനഞ്ചു തവണ എടുക്കേണ്ടി വന്നു. എനിക്കാണെങ്കില്‍ ആകെ കലി കയറി. ഞാന്‍ മാത്രമല്ല എല്ലാവരും. കൊച്ചുകുട്ടികളെ പഠിപ്പിക്കുന്നപോലെ "നിര്‍ത്തു, തമ്മില്‍ത്തല്ല്" എന്നീ വാക്കുകള്‍ അവന്റെ മണ്ടന്തലയില്‍ കയറ്റാന്‍ ഞങ്ങള്‍ ആവതു ശ്രമിച്ചു നോക്കി. നോ ഫലം.
"തെണ്ടീ ഇതു നീ ശരിയാക്കിയില്ലെങ്കില്‍ നിന്നെ ഞാന്‍ കൊല്ലും" എന്ന് അള്‍ട്ടിമേറ്റം കൊടുത്തിട്ട്‌ ഒന്നുകൂടി ശ്രമിക്കാന്‍ തീരുമാനിച്ചു.ഞങ്ങളും അവനും പ്രതീക്ഷയോടെ റിഹേഴ്സല്‍ തുടര്‍ന്നു.
അവസാനം അവന്റെ സീനെത്തി. ഞങ്ങളെല്ലാവരും പ്രതീക്ഷയോടെ നോക്കിയിരിക്കുകയാണ്‌. അവന്‍ ഡയകോല്‌ പറയാനായി വായ തുറന്നു. അതാ വരുന്നു പിന്നെയും "നിരുത്തും തമ്മിപ്പൊല്ലും".
എന്റെ നിയന്ത്രണം വിട്ടു. അവന്റെ മുതുക്‌ നോക്കി ഞാന്‍ ആഞ്ഞു തൊഴിച്ചു. ഡസ്കും ബഞ്ചും മറിച്ചിട്ട്‌ അതിന്റെ മുകളിലേയ്ക്കു വീണ അവനെ നോക്കി ഞാനലറി: പട്ടീ, ഇനി നീ ഒറ്റ 'നിര്‍ത്ത്‌' പറഞ്ഞാ മതി.
പൊടി തട്ടിയെഴുന്നേറ്റ പഷാണം ദയനീയമായി എല്ലാവരേയും നോക്കി. പക്ഷേ ആരുടെ മുഖത്തും അവന്‍ ദയയുടെ ഒരു കണികപോലും കണ്ടില്ല.
പിന്നെയും ഞങ്ങള്‍ റിഹേഴ്സല്‍ തുടങ്ങി. പാഷാണത്തിന്റെ സീനായി. എല്ലവരും ആകാംക്ഷയോടെ നില്‍ക്കുകയാണ്‌. അവന്‍ വായ തുറക്കുന്നു. അതാ വരുന്നു മണിമണിപോലെ 'നിര്‍ത്തും തമ്മില്‍ത്തല്ലും'.
എന്റെ യോഗീശ്വരാ അവനിട്ടു രണ്ടു കൊടുക്കാന്‍ നേരത്തേ എനിക്കു തോന്നിയില്ലല്ലോ!!!!!!!!!

3 comments:

സുല്‍ |Sul said...

"നാടകത്തിലഭിനയിച്ചാല്‍ കിട്ടുന്ന പ്രശസ്തിയും അതിലൂടെയുണ്ടാകുന്ന ആരാധികമാരുടെ ആധിക്യത്തെപ്പറ്റിയും ഞങ്ങള്‍ വിവരിച്ചപ്പോള്‍ അഴകൊഴമ്പന്‍ ആശാന്‍ കോരിത്തരിച്ചുപോയി. "

പ്രലോഭനങ്ങളിലൂടെ വശത്താക്കി നാടകിച്ചാല്‍ ഇങ്ങനെയിരിക്കും എന്നു പുടികിട്ട്യാ..

-സുല്‍

പ്രമോദ്‌ കുമാര്‍ said...

സുല്ല് സുലേ. വേറെ മന്ടന്മാരെയൊന്നും കിട്ടാഞതുകൊണ്ടാണ് അവനെ പ്രലോഭിപ്പിച്ച് അഭിനയിപ്പിച്ചത്. വേറെ മാര്‍ഗ്ഗമില്ലായിരുന്നു.

പ്രമോദ്‌ കുമാര്‍ said...

സൂല്‍, എങ്ങനെയാണ്‌ സുഹൃത്തുക്കളെ ബ്ലോഗില്‍ ആഡ്‌ ചെയ്യുന്നത്‌? ഹെല്‍പ്‌ മി.