തലേന്നത്തെ ദീര്‍ഘയാത്രയുടെ ക്ഷീണത്തില്‍ രാവിലെ അല്‍പം വൈകിയാണ് ഞാന്‍ ഉണര്‍ന്നത്. കണ്ണുതുറന്നുനോക്കിയപ്പോള്‍ മുന്നില്‍ ചൂടുള്ള ചായ. കൂടെ അമ്മയുടെ സ്നേഹപൂര്‍ണ്ണമായ നോട്ടവും.
കുറേനേരം കൂടി കിടക്കണമെന്നു തോന്നിയെങ്കിലും ഞാന്‍ മൂരി നിവര്‍ത്തിക്കൊണ്ട് എഴുന്നേറ്റു.
ചായയും കൈയില്‍ പിടിച്ചു കൊണ്ട് ഞാന്‍ മുറ്റത്തേയ്ക്കിറങ്ങി.
മുറ്റം മുഴുവന്‍ വളര്‍ച്ചയെത്തിയ മരച്ചീനി നിറഞ്ഞു നില്‍ക്കുന്നു... എന്റെ എക്കാലത്തേയും ഇഷ്ടഭക്ഷണം.
വാതില്‍ക്കല്‍ നിന്നുകൊണ്ട് തന്നെ ഒരു വിഹഗവീക്ഷണം നടത്തി. പറമ്പില്‍ മുഴുവന്‍ പുല്ലുകിളുര്‍ ത്തു എന്നല്ലാതെ മറ്റുമാറ്റങ്ങളൊന്നുമില്ല. എനിക്കു വളരെ സന്തോഷം തോന്നി. മാറ്റങ്ങളൊന്നുമില്ലാത്ത എന്റെ നാടാണ് എനിക്കിഷ്ടം.
മാറ്റങ്ങള്‍ എന്റെ ഗ്രാമത്തിന്റെ ഗ്രാമീണതയ്ക്കുണ്ടാക്കിയ നഷ്ടങ്ങള്‍ ഒരുപാടാണ്.
ഞാന്‍ മുറ്റത്തേയ്ക്കിറങ്ങിയപ്പോള്‍ തെക്കേവീട്ടിലെ മിനിച്ചേച്ചി കുശലം പറയാന്‍ വന്നു. ചേച്ചിയോട് വിശേഷങ്ങള്‍ പെട്ടെന്ന് പറഞ്ഞു തീര്‍ത്തതിനു ശേഷം ഞാന്‍ പല്ലുതേയ്ക്കാനൊരുങ്ങി.
അയലത്തുകാരൊക്കെ വീട്ടുവാതില്‍ക്കല്‍ നിന്നു നോക്കുന്നുണ്ട്. അവരോടൊക്കെ ചിരിച്ചു കാണിച്ചു. അവരുടെയൊക്കെ ചോദ്യങ്ങള്‍ക്ക് 'ഇന്നലെ രാത്രിയില്‍ വന്നു' എന്ന ഉത്തരവും നല്‍കി.
പെപ്സോഡന്റിന്റേയും കോള്‍ഗേറ്റിന്റേയും അസ്വസ്തതയുണര്‍ത്തുന്ന നീറ്റല്‍ കുറച്ചുകാലത്തേയ്കെങ്കിലും ഒഴിവാക്കാമെന്നു കരുതി, കുരുമുളകും ഉപ്പുമിട്ടു പൊടിച്ച ഉമിക്കരി എടുത്തു.
കുരുമുളകിന്റെ സുഖകരമായ എരിവ് അനുഭവിച്ചുകൊണ്ട് ഞാന്‍ പതുക്കെ പല്ലുതേച്ചുതീര്‍ത്തു.
പിന്നെ പെട്ടെന്നു കുളിച്ചെന്നു വരുത്തി ആവിപറക്കുന്ന പുട്ടിന്റേയും പയറിന്റേയും മുന്നിലിരുന്നു. പുട്ടും പയറും പപ്പടവും, പച്ചത്തേങ്ങ തിരുമിയതില്‍ ഞെരടി ആസ്വാദ്യകരമായ പ്രഭാതഭക്ഷണം അകത്താക്കി.
വസ്ത്രം മാറി പുറത്തേയ്ക്കിറങ്ങി. എല്ലവരേയും ഒന്നു കാണുകയാണ് ലക്ഷ്യം.
(തുടരും)
Sunday, December 3, 2006
Subscribe to:
Post Comments (Atom)

No comments:
Post a Comment