Wednesday, December 6, 2006

പാഷാണത്തിന്റെ നിരുത്തും തമ്മിപ്പൊല്ലും

പ്രീ ഡിഗ്രി രണ്ടാം വര്‍ഷം അവസാനം കോളേജ്‌ ഡേയ്ക്ക്‌ ഞങ്ങള്‍ ഒരു നാടകം അവതരിപ്പിക്കുക എന്ന അതിധീരവും അതീവസാഹസികവുമായ ഒരു മുടിവെടുത്തു. ബിജുകുമാറായിരുന്നു നാടക രചന. അഭിനേതാക്കളായി ഞാനും ജോസും മന്‍സൂറും, സന്തോഷും അസീമും പിന്നെ നമ്മുടെ ഈ കഥയിലെ നായകനും.
നായകനു പേര്‍ റെജി. ഞങ്ങള്‍ വാല്‍സല്യപൂര്‍വം 'പാഷാണം' എന്നു വിളിക്കും.
നാടകത്തില്‍ ഒരു പ്രധാന വേഷം ചെയ്യാമോ എന്ന് ചോദിച്ചപ്പോള്‍ത്തന്നെ ടിയാന്‍ ഞെട്ടിവിറച്ചു. ഓടിയൊളിക്കാന്‍ ശ്രമിച്ചു. പിന്നെ നാടകത്തിലഭിനയിച്ചാല്‍ കിട്ടുന്ന പ്രശസ്തിയും അതിലൂടെയുണ്ടാകുന്ന ആരാധികമാരുടെ ആധിക്യത്തെപ്പറ്റിയും ഞങ്ങള്‍ വിവരിച്ചപ്പോള്‍ അഴകൊഴമ്പന്‍ ആശാന്‍ കോരിത്തരിച്ചുപോയി. പിന്നെ അദ്ദേഹത്തിന്‌ അപ്പോള്‍ത്തന്നെ തട്ടേല്‍ കേറണമെന്നായി. ഒരുതരത്തിലാണ്‌ ഞങ്ങളവനെ സമാധാനിപ്പിച്ചു നിര്‍ത്തിയത്‌.
സാധാരണയായി ഒരു പീര്യേഡ്‌ കഴിഞ്ഞായിരിക്കും അവന്‍ ക്ലാസ്സില്‍ വരാറുള്ളത്‌. നാടക റിഹേഴ്സല്‍ തുടങ്ങിയതില്‍പ്പിന്നെ അവന്‍ രാവിലെ എട്ടുമണിക്കുതന്നെ ഹാജര്‍.
അങ്ങനെ, ഇംഗ്ലീഷുപഠിപ്പിക്കുന്ന ജോയിസാറിന്റെ സഹായത്തോടെ ഞങ്ങള്‍ റിഹേഴ്സല്‍ മഹാമഹം ആരംഭിച്ചു.
ആദ്യമൊക്കെ വലിയ കുഴപ്പമില്ലാതെ പോയി. നമ്മുടെ പാഷാണം, നാടകം തുടങ്ങി 15 മിനിറ്റിനു ശേഷമാണ്‌ രംഗത്തുവരുന്നത്‌ - ഒരു ലഹളയുടെ നടുവില്‍.
പുള്ളിയുടെ ആദ്യ ഡയലോഗ്‌ "നിര്‍ത്ത്‌, നിര്‍ത്ത്‌.. നിങ്ങളെന്തിനാണ്‌ ഇങ്ങനെ തമ്മില്‍ത്തല്ലി മരിക്കുന്നത്‌" എന്നാണ്‌. പാഷാണം എത്ര പറഞ്ഞിട്ടും ഇതങ്ങോട്ട്‌ ശരിയാകുന്നില്ല. "നിരുത്ത്‌, നിരുത്ത്‌, നിങ്ങളെന്തിനാണ്‌ ഇങ്ങനെ തമ്മിപ്പൊല്ലി മരിക്കുന്നത്‌" എന്നാണ്‌ പുറത്തേയ്ക്കുവരുന്നത്‌.
അവന്റെ പറച്ചിലു കഴിഞ്ഞിട്ടുവേണം എനിക്കെന്റെ ഡയകോല്‌ കാച്ചാന്‍. ഈ ദുഷ്ടന്‍ കാരണം ഒരു സീന്‍ തന്നെ പത്തു-പതിനഞ്ചു തവണ എടുക്കേണ്ടി വന്നു. എനിക്കാണെങ്കില്‍ ആകെ കലി കയറി. ഞാന്‍ മാത്രമല്ല എല്ലാവരും. കൊച്ചുകുട്ടികളെ പഠിപ്പിക്കുന്നപോലെ "നിര്‍ത്തു, തമ്മില്‍ത്തല്ല്" എന്നീ വാക്കുകള്‍ അവന്റെ മണ്ടന്തലയില്‍ കയറ്റാന്‍ ഞങ്ങള്‍ ആവതു ശ്രമിച്ചു നോക്കി. നോ ഫലം.
"തെണ്ടീ ഇതു നീ ശരിയാക്കിയില്ലെങ്കില്‍ നിന്നെ ഞാന്‍ കൊല്ലും" എന്ന് അള്‍ട്ടിമേറ്റം കൊടുത്തിട്ട്‌ ഒന്നുകൂടി ശ്രമിക്കാന്‍ തീരുമാനിച്ചു.ഞങ്ങളും അവനും പ്രതീക്ഷയോടെ റിഹേഴ്സല്‍ തുടര്‍ന്നു.
അവസാനം അവന്റെ സീനെത്തി. ഞങ്ങളെല്ലാവരും പ്രതീക്ഷയോടെ നോക്കിയിരിക്കുകയാണ്‌. അവന്‍ ഡയകോല്‌ പറയാനായി വായ തുറന്നു. അതാ വരുന്നു പിന്നെയും "നിരുത്തും തമ്മിപ്പൊല്ലും".
എന്റെ നിയന്ത്രണം വിട്ടു. അവന്റെ മുതുക്‌ നോക്കി ഞാന്‍ ആഞ്ഞു തൊഴിച്ചു. ഡസ്കും ബഞ്ചും മറിച്ചിട്ട്‌ അതിന്റെ മുകളിലേയ്ക്കു വീണ അവനെ നോക്കി ഞാനലറി: പട്ടീ, ഇനി നീ ഒറ്റ 'നിര്‍ത്ത്‌' പറഞ്ഞാ മതി.
പൊടി തട്ടിയെഴുന്നേറ്റ പഷാണം ദയനീയമായി എല്ലാവരേയും നോക്കി. പക്ഷേ ആരുടെ മുഖത്തും അവന്‍ ദയയുടെ ഒരു കണികപോലും കണ്ടില്ല.
പിന്നെയും ഞങ്ങള്‍ റിഹേഴ്സല്‍ തുടങ്ങി. പാഷാണത്തിന്റെ സീനായി. എല്ലവരും ആകാംക്ഷയോടെ നില്‍ക്കുകയാണ്‌. അവന്‍ വായ തുറക്കുന്നു. അതാ വരുന്നു മണിമണിപോലെ 'നിര്‍ത്തും തമ്മില്‍ത്തല്ലും'.
എന്റെ യോഗീശ്വരാ അവനിട്ടു രണ്ടു കൊടുക്കാന്‍ നേരത്തേ എനിക്കു തോന്നിയില്ലല്ലോ!!!!!!!!!

Tuesday, December 5, 2006

ദൈവത്തിന്റെ കരങ്ങളില്‍

ഞാനങ്ങനെ ഉയരുകയാണ്‌. ശരീരം വിട്ട്‌, സുഗന്ധമുള്ള പുകയും പുലര്‍മഞ്ഞിന്റെ തണുപ്പുമുള്ള അന്തരീക്ഷത്തിലൂടെ ഒഴുകി നടക്കുന്നു.

എന്റെ ജീവനറ്റ ഭൗതിക ശരീരത്തിനരികെയിരുന്ന് പ്രിയപ്പെട്ടവരെല്ലാം വിലപിക്കുന്നു.കുറേപ്പേര്‍ കുഴി വെട്ടുന്ന തിരക്കിലാണ്‌.
പ്രായമായവര്‍ ഓടി നടന്ന് നിര്‍ദ്ദേശം കൊടുക്കുന്നു.ആളുകള്‍ ഇപ്പോഴും വന്നും പോയുമിരിപ്പാണ്‌. നാട്ടില്‍ ജനസമ്മതനായിരുന്നതു കൊണ്ട്‌ വളരെയധികം ആള്‍ക്കാര്‍ കൂടിയിട്ടുണ്ട്‌.

കുഴി വെട്ടിക്കഴിഞ്ഞിരിക്കുന്നു. എന്തിനാണ്‌ അതിനിത്രയും ആഴം. ഞാന്‍ കുഴിമാന്തി പിന്നെയും പുറത്തുവരുമെന്ന് അവര്‍ കരുതുന്നോ?
അകത്ത്‌ നിലവിളി ഉച്ചസ്ഥായിയിലായി.

ശവം എടുക്കുകയാണ്‌. കുറേപ്പേര്‍ ശവം ചുമന്നുകൊണ്ട്‌ പുറത്തേയ്ക്കു വരുന്നു. അതിന്റെ പിറകേ ആരോ താങ്ങി പിടിച്ചുകൊണ്ടു വരുന്നത്‌ ശ്രീവിദ്യയെയാണ്‌ - എന്റെ ഭാര്യ. പാവം. അവള്‍ക്ക്‌ വളരെ വിഷമം കാണും. മൂത്ത മകന്‍ കുളിച്ച്‌ ഈറനുടുത്ത്‌ എന്തിനോ തയ്യാറായി നില്‍ക്കുന്നു.

ഇനി നില്‍ക്കുന്നില്ല. എത്രയായാലും കുറേക്കാലം എന്റെ ആത്മാവ്‌ വസിച്ച ശരീരമല്ലേ. അത്‌ ഭൂമിക്കടിയില്‍ പോകുന്നതു കാണാന്‍ വയ്യ.
ഞാന്‍ മെല്ലെ മേലേയ്ക്കു പറന്നു. ചിറകില്ലെങ്കിലും എനിക്കു പറക്കാം. ഞാന്‍, ഒരു പഞ്ഞിക്കെട്ടുപോലെയാണ്‌ എനിക്കു തോന്നുന്നത്‌. തീരെ ഭാരമില്ല.

നനുനനുത്ത മേഘങ്ങള്‍ക്കു മേലേക്കൂടി ഞാന്‍ പറന്നു നടന്നു.

ചുറ്റും വെണ്മയാണെങ്ങും. വെണ്‍പാളികള്‍ക്ക്‌ മേലേക്കൂടി ഞാനെന്റെ യാത്ര തുടര്‍ന്നു.
അവസാനം ഞാന്‍ നിറയെ ചിത്രപ്പണികളുള്ള സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ വാതിലിനു മുന്നിലെത്തി. ഞാന്‍ അടുത്തേക്കു ചെന്ന മാത്രയില്‍ത്തന്നെ വാതില്‍ മലര്‍ക്കെ തുറന്നു. ഞാനകത്തു കടന്നു. പിന്നില്‍ വാതിലടഞ്ഞു.
ഹൃദ്യമായ പുഞ്ചിരിതൂകിക്കൊണ്ട്‌ ചിത്രഗുപ്തനെന്നെ എതിരേറ്റു. പിന്നെ എന്റെ അടയാളങ്ങളെല്ലാം ശരിയെന്നുറപ്പു വരുത്തി എന്റെ കുറ്റപത്രം വായിക്കാന്‍ തുടങ്ങി. ഞാന്‍ ഞെട്ടിത്തരിച്ചു. നിര്‍ദ്ദോഷമെന്നു കരുതി ചെയ്ത പലതെറ്റുകളും മഹാ അപരാധങ്ങളായിത്തീര്‍ന്നിരിക്കുകയാണ്‌ ഇപ്പോള്‍.

കുറ്റപത്രം വായിച്ചതിനൊടുവില്‍ അദ്ദേഹം ശിക്ഷയും വിധിച്ചു: നരകവും സ്വര്‍ഗവും പപ്പാതി. ആദ്യം നരകത്തിലോ സ്വര്‍ഗത്തിലോ പോകേണ്ടതെന്ന് എനിക്ക്‌ തീരുമാനിക്കാം.ആദ്യം നരകമായിക്കോട്ടെ എന്നു ഞാന്‍ തീരുമാനിച്ചു. അവസാന കാലം സ്വര്‍ഗീയ സുഖമനുഭവിക്കാമല്ലോ!!
പക്ഷേ നരകത്തിലേയ്ക്കു പോകുന്നതിനു മുമ്പ്‌ എനിക്ക്‌ ദൈവത്തിനെ ഒന്നു കാണമെന്ന് ഞാന്‍ ചിത്രഗുപ്തനോട്‌ ഞാന്‍ അപേക്ഷിച്ചു. ഭൂമിയിലെ ജീവിതത്തില്‍ കഴിവതും നന്മ മാത്രമേ ചെയ്തിട്ടുള്ളൂ. എങ്കിലും ദുരിതങ്ങളായിരുന്നു ഫലം. ഇപ്പോള്‍ അന്തിമ വിധിയില്‍ സ്വര്‍ഗവും നരകവും തുല്യം. അതിന്റെ കാരണമെനിക്കറിയണം.

ആദ്യമൊക്കെ ചിത്രഗുപ്തന്‍ ദൈവത്തിന്റെടുക്കല്‍ എന്റെ കൊണ്ടു പോകാന്‍ മടിച്ചു. അവസാനം എന്റെ നിര്‍ബന്ധത്തിനു വഴങ്ങി.മനോഹരമായ ആറുവാതിലുകള്‍ പിന്നിട്ട്‌ ഞങ്ങള്‍ സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ ഏഴാം വാതിലിനു മുന്നിലെത്തി.

ചിത്രഗുപ്തന്‍ ഏതോ മന്ത്രങ്ങള്‍ ഉരുവിട്ടപ്പോള്‍ വാതില്‍ മെല്ലെ തുറന്നു.

ഞാന്‍ മെല്ലെ ഉള്ളിലേക്ക്‌ കാലെടുത്തു വച്ചു. ഏതോ അഭൗമമായ സൗരഭ്യം എന്നെ മൂടുന്നത്‌ ഞാനറിഞ്ഞു.
വെണ്ണക്കല്‍ തൂണുകള്‍ക്ക്‌ നടുവിലുള്ള സുവര്‍ണ്ണ സിംഹാസനത്തില്‍ വശ്യമായ പുഞ്ചിരി തൂകി ദൈവമിരിക്കുന്നു. സിംഹാസനത്തിനു മുകളില്‍ മഴവില്ലുപോലെ ദിവ്യതേജസ്‌ ഒളിമിന്നി നിന്നു.

പുഞ്ചിരി വിടാതെ അദ്ദേഹം എന്നെ അരികിലേയ്ക്കു വിളിച്ചു. ഒരു മോഹവലയത്തിലെന്നവണ്ണം ഞാന്‍ അദ്ദേഹത്തിനരികിലെത്തി. എന്നെ കൈക്കു പിടിച്ചദ്ദേഹം തൊട്ടടുത്തു കിടന്ന സിംഹാസനത്തിലിരുത്തി. ഞാന്‍ കോരിത്തരിച്ചു പോയി.

'എന്തിനാണ്‌ വല്‍സാ നീയെന്നെ കാണണമെന്നു പറഞ്ഞത്‌?' അദ്ദേഹത്തിന്റെ മധുരമൊഴി എന്നെ മോഹനിദ്രയില്‍ നിന്നുണര്‍ത്തി.

കൈകൂപ്പി ഞാന്‍ പറഞ്ഞു: 'പ്രഭോ, അറിഞ്ഞു കൊണ്ട്‌ ഞാനാര്‍ക്കും ഇതുവരെ ഒരു ദ്രോഹവും ചെയ്തിട്ടില്ല. പിന്നെയെന്തിനാണ്‌ ഇനിയുള്ള പകുതിക്കാലം ഞാന്‍ നരകത്തില്‍ കഴിയുന്നത്‌?'

പുഞ്ചിരിയോടെ തന്നെ അദ്ദേഹം പറഞ്ഞു: 'മകനേ, നീ ചെയ്തിരുന്ന വലിയ പുണ്യപ്രവൃത്തികള്‍ക്കിടയില്‍ നീയറിയാതെ ചെയ്ത ചെറിയ ചെറിയ തെറ്റുകള്‍ക്കുള്ള ഫലമാണ്‌ ഈ നരകവാസം.'

'പക്ഷേ പ്രഭോ, എന്താണ്‌ ഞാന്‍ ചെയ്ത തെറ്റുകള്‍? ഞാന്‍ എന്നും അങ്ങയെ ഉപാസിച്ചിരുന്നവനായിരുന്നല്ലോ?'

'അതാ നോക്കൂ,' അദ്ദേഹം അരികെയുള്ള വെണ്ണക്കല്‍ ഭിത്തിയിലേയ്ക്ക്‌ കൈ ചൂണ്ടി.അവിടെ ഒരു തിരശ്ശീല തെളിഞ്ഞു വന്നു. പിന്നെ ആ മുറിയിലാകെ ഇരുട്ടു പരന്നു. അപ്പോള്‍ തിരശ്ശീലയില്‍, മരുഭൂമിയെന്ന പോലെ ഒരു ചിത്രം തെളിഞ്ഞു. അതില്‍ രണ്ടു ജോഡി കാല്‍പാദങ്ങള്‍. അതങ്ങനെ സഞ്ചരിക്കുകയാണ്‌.

ഇരുളില്‍ നിന്നും ദൈവത്തിന്റെ ശബ്ദമുയര്‍ന്നു: 'നിന്റെ ജീവിതയാത്രയാണത്‌. അതില്‍ ഒരു കാല്‍പ്പാട്‌ നിന്റേതാണ്‌. മറ്റേത്‌ എന്റേതും. നീ ചെയ്ത പുണ്യങ്ങളാണ്‌ മണല്‍പ്പരപ്പില്‍ ഉയര്‍ന്നു കാണുന്നയിടങ്ങള്‍. നിന്റെ ദുഃഖസന്ധികളാണ്‌ അതില്‍ കാണുന്ന ഗര്‍ത്തങ്ങള്‍. മണല്‍പ്പരപ്പിലെ കറുത്ത പാടുകള്‍ നിന്റെ പാപങ്ങളാണ്‌.'

എന്റെ ജീവിതത്തിന്റെ പപപുണ്യങ്ങളും ഉയര്‍ച്ച താഴ്ചകളും ഞാന്‍ കണ്ടു - ഒഴിവാക്കാമായിരുന്ന പല പാപങ്ങളും.കാഴ്ചകള്‍ കണ്ണില്‍ നിന്നു മറഞ്ഞപ്പോള്‍ കണ്ണീരോടെ ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു: 'ഭഗവാനേ, എന്റെ പുണ്യകാലങ്ങളില്‍ അങ്ങയുടെ കാല്‍പാടുകള്‍ ഞാനെന്നൊടൊപ്പം കണ്ടു. പക്ഷേ ഞാന്‍ ദുഃഖത്തിന്റെ ഗര്‍ത്തത്തില്‍ വീണപ്പോള്‍ എന്റെ കാല്‍പാടുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ കഷ്ടതയനുഭവിച്ച്‌ കാലത്ത്‌ അങ്ങെന്തിനാണെന്നെ ഉപേക്ഷിച്ചത്‌?'

'മകനേ,' പുഞ്ചിരിയോടെ അദ്ദേഹം തുടര്‍ന്നു. നിന്നെ ഞാനൊരിക്കലും കൈവെടിഞ്ഞിരുന്നില്ല. ദുരിതങ്ങളില്‍ എന്നും ഞാന്‍ നിന്നോടൊപ്പം ഉണ്ടായിരുന്നു. ആ ദുരിതത്തിന്റെ ഗര്‍ത്തങ്ങളില്‍ കാണുന്ന കാല്‍പ്പാടുകള്‍ എന്റേതാണ്‌. ഞാനപ്പോള്‍ നിന്നെ എന്റെ കരങ്ങളില്‍ എടുത്തിരിക്കുകയായിരുന്നു!!!.'

Sunday, December 3, 2006

ഒരു കേരളത്തനിമയാര്‍ന്ന ഓര്‍മ്മ

തലേന്നത്തെ ദീര്‍ഘയാത്രയുടെ ക്ഷീണത്തില്‍ രാവിലെ അല്‍പം വൈകിയാണ്‌ ഞാന്‍ ഉണര്‍ന്നത്‌. കണ്ണുതുറന്നുനോക്കിയപ്പോള്‍ മുന്നില്‍ ചൂടുള്ള ചായ. കൂടെ അമ്മയുടെ സ്നേഹപൂര്‍ണ്ണമായ നോട്ടവും.
കുറേനേരം കൂടി കിടക്കണമെന്നു തോന്നിയെങ്കിലും ഞാന്‍ മൂരി നിവര്‍ത്തിക്കൊണ്ട്‌ എഴുന്നേറ്റു.
ചായയും കൈയില്‍ പിടിച്ചു കൊണ്ട്‌ ഞാന്‍ മുറ്റത്തേയ്ക്കിറങ്ങി.
മുറ്റം മുഴുവന്‍ വളര്‍ച്ചയെത്തിയ മരച്ചീനി നിറഞ്ഞു നില്‍ക്കുന്നു... എന്റെ എക്കാലത്തേയും ഇഷ്ടഭക്ഷണം.
വാതില്‍ക്കല്‍ നിന്നുകൊണ്ട്‌ തന്നെ ഒരു വിഹഗവീക്ഷണം നടത്തി. പറമ്പില്‍ മുഴുവന്‍ പുല്ലുകിളുര്‍ ത്തു എന്നല്ലാതെ മറ്റുമാറ്റങ്ങളൊന്നുമില്ല. എനിക്കു വളരെ സന്തോഷം തോന്നി. മാറ്റങ്ങളൊന്നുമില്ലാത്ത എന്റെ നാടാണ്‌ എനിക്കിഷ്ടം.
മാറ്റങ്ങള്‍ എന്റെ ഗ്രാമത്തിന്റെ ഗ്രാമീണതയ്ക്കുണ്ടാക്കിയ നഷ്ടങ്ങള്‍ ഒരുപാടാണ്‌.
ഞാന്‍ മുറ്റത്തേയ്ക്കിറങ്ങിയപ്പോള്‍ തെക്കേവീട്ടിലെ മിനിച്ചേച്ചി കുശലം പറയാന്‍ വന്നു. ചേച്ചിയോട്‌ വിശേഷങ്ങള്‍ പെട്ടെന്ന് പറഞ്ഞു തീര്‍ത്തതിനു ശേഷം ഞാന്‍ പല്ലുതേയ്ക്കാനൊരുങ്ങി.
അയലത്തുകാരൊക്കെ വീട്ടുവാതില്‍ക്കല്‍ നിന്നു നോക്കുന്നുണ്ട്‌. അവരോടൊക്കെ ചിരിച്ചു കാണിച്ചു. അവരുടെയൊക്കെ ചോദ്യങ്ങള്‍ക്ക്‌ 'ഇന്നലെ രാത്രിയില്‍ വന്നു' എന്ന ഉത്തരവും നല്‍കി.
പെപ്സോഡന്റിന്റേയും കോള്‍ഗേറ്റിന്റേയും അസ്വസ്തതയുണര്‍ത്തുന്ന നീറ്റല്‍ കുറച്ചുകാലത്തേയ്കെങ്കിലും ഒഴിവാക്കാമെന്നു കരുതി, കുരുമുളകും ഉപ്പുമിട്ടു പൊടിച്ച ഉമിക്കരി എടുത്തു.
കുരുമുളകിന്റെ സുഖകരമായ എരിവ്‌ അനുഭവിച്ചുകൊണ്ട്‌ ഞാന്‍ പതുക്കെ പല്ലുതേച്ചുതീര്‍ത്തു.
പിന്നെ പെട്ടെന്നു കുളിച്ചെന്നു വരുത്തി ആവിപറക്കുന്ന പുട്ടിന്റേയും പയറിന്റേയും മുന്നിലിരുന്നു. പുട്ടും പയറും പപ്പടവും, പച്ചത്തേങ്ങ തിരുമിയതില്‍ ഞെരടി ആസ്വാദ്യകരമായ പ്രഭാതഭക്ഷണം അകത്താക്കി.
വസ്ത്രം മാറി പുറത്തേയ്ക്കിറങ്ങി. എല്ലവരേയും ഒന്നു കാണുകയാണ്‌ ലക്ഷ്യം.
(തുടരും)

Saturday, December 2, 2006

നീയങ്ങ്‌ പെഴയായിപോയല്ലേ....

ന്റെ അടുത്ത ഒരു സുഹൃത്തിനു പറ്റിയ പറ്റാണ്‌ ഇത്‌.
ഞങ്ങള്‍ പ്രീഡിഗ്രിക്കു പഠിക്കുന്ന കാലം. ഞങ്ങള്‍ - ഞങ്ങള്‍ എന്നാല്‍ ഞാന്‍, ജോസ്‌, ബിജു, മന്‍സൂര്‍ - നാല്‌ ആത്മാര്‍ത്ഥ സുഹൃത്തുക്കളായിരുന്നു.
ഞങ്ങളുടെ അടുത്തുള്ള ഏത്‌ അമ്പലത്തിലേയും ഉത്സവത്തിനു ഞങ്ങളൊരുമിച്ച്‌ കൂടുക പതിവായിരുന്നു.
അങ്ങനെയൊരുത്സവകാലത്ത്‌ ഞങ്ങള്‍ നാല്‍ വരും ഒത്തുകൂടി. അമ്പലത്തി ഗംഭീരന്‍ ഗാനമേളയും നാടകവുമൊക്കെയുണ്ട്‌. പക്ഷേ അതൊന്നും ഞങ്ങളെ ആനന്ദിപ്പിക്കുവാന്‍ പര്യാപ്തമല്ലായിരുന്നു. തൊട്ടടുത്തുള്ള സരിതാ തീയറ്ററില്‍ കളിക്കുന്ന പീസുപടമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. പരിചയക്കാര്‍ ആരും കാണാതെ നാലു ടിക്കറ്റ്‌ എങ്ങനെ എടുക്കാം എന്നതിനെക്കുറിച്ച്‌ കൂലങ്കഷമായ ചര്‍ച്ചയിലായി ഞങ്ങള്‍.
അവസാനം ആ പരിസരത്ത്‌ അധികം പരിചിതനല്ലാത്ത ജോസിനെക്കൊണ്ട്‌ ടിക്കറ്റ്‌ എടുപ്പിക്കാന്‍ തീരുമാനമായി. അത്തരമൊരു ധീരമായ തീരുമാനമെടുത്ത്‌ പിരിയാന്‍ നേരത്താണ്‌ എന്റെ പ്രിയസുഹൃത്തിന്റെ പിന്നില്‍ ആരോ മെല്ല തട്ടിയത്‌. അവന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ഒരു വല്യമ്മാവന്‍.
എന്റെ സുഹൃത്തിനെ അല്‍പനേരം തറച്ചുനോക്കിയിട്ട്‌ വല്യമ്മാവന്‍ ഞെട്ടിപ്പിക്കുന്ന ഒരു ചോദ്യം: 'നീ ...... വീട്ടിലെയല്ലേ?'
'അതെ', പരുങ്ങലോടെ സുഹൃത്ത്‌ പറഞ്ഞു.
'......ന്റെ മകനല്ലേ?'
'തന്നെ', സുഹൃത്ത്‌ പിന്നെയും പരുങ്ങി.
പിന്നെ അതിക്രൂരമായി ആ അമ്മാവന്‍ പറഞ്ഞു: നീയങ്ങു പെഴയായിപോയല്ലേ. ഞാനെല്ലാം കേട്ടു. നിന്റെ അച്ഛനെ ഒന്നു കാണട്ടെ എല്ലാം പറഞ്ഞുകൊടുക്കുന്നുണ്ട്‌'.
വിളറി വെളുത്തു നില്‍ക്കുന്ന എന്റെ ആ പ്രിയ സ്നേഹിതനെ കണ്ടപ്പോള്‍... എന്റെ മച്ചൂ, ഞങ്ങള്‍ ചിരിച്ച്‌, ചിരിച്ച്‌.............

തല്ലിപ്പൊളികളേ സ്വാഗതം

സര്‍വ്വരാജ്യ തല്ലിപ്പൊളികളേ നിങ്ങള്‍ക്ക്‌ വെല്‍ക്കം. ഒരു സന്തോഷവാര്‍ത്തയുമായാണ്‌ എന്റെ വരവ്‌. നിങ്ങളുടെ പോക്രിത്തരങ്ങള്‍ തോന്ന്യാക്ഷരങ്ങളാക്കാന്‍ ഒരു സുവര്‍ണ്ണാവരം.... തല്ലിപ്പൊളിയിലൂടെ!!!
നിങ്ങളുടെ അബദ്ധങ്ങള്‍, നിങ്ങള്‍ വച്ചതും, നിങ്ങളുടെ കൂതറ കുട്ടുകാര്‍ നിങ്ങള്‍ക്കിട്ടു വച്ചതുമായ പാരകള്‍... എല്ലാം എല്ലാം ഇതിലൂടെ പങ്കുവയ്ക്കുക
അപ്പോള്‍ മച്ചൂസ്‌ എല്ലാം പറഞ്ഞതുപോലെ...